
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്ന ഡോ. ഹാരിസിനെ കുടുക്കാൻ മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ നീക്കം പാളി. വാർത്താസമ്മേളനത്തിനിടെ പ്രിൻസിപ്പലും സൂപ്രണ്ടും ഉയർത്തിയ ആരോപണങ്ങൾ മണിക്കൂറുകൾക്കകം തന്നെ തെറ്റാണെന്ന് തെളിഞ്ഞു. ഇതിനിടെ, വാർത്താസമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു 'ഉന്നതൻ' ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകിയതായും സൂചനയുണ്ട്.
ഡോ. ഹാരിസ് അവധിയെടുത്ത സമയത്ത്, അദ്ദേഹത്തിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ കാണാതായ ഒരു മോസിലോസ്ക്കോപ്പിന്റെ ബിൽ കണ്ടെത്തിയെന്നായിരുന്നു പ്രിൻസിപ്പൽ പി.കെ. ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽ കുമാറും ആരോപിച്ചത്. ഡോ. ഹാരിസ് ഈ ഉപകരണം രഹസ്യമായി മുറിയിൽ കൊണ്ടുവച്ചതായി വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. സി.സി.ടി.വി ദൃശ്യങ്ങളിൽ അവ്യക്തമായി ഒരു വ്യക്തി മുറിയിലേക്ക് കയറുന്നത് കണ്ടെന്നും അവർ വിശദീകരിച്ചു.
എന്നാൽ, ഈ ആരോപണങ്ങളെ തള്ളി ഡോ. ഹാരിസ് രംഗത്തെത്തി. അദ്ദേഹം തിരികെ മുറിയിൽ വെച്ചത് മോസിലോസ്ക്കോപ്പ് അല്ലെന്നും, പഴയ മൂന്ന് നെഫ്രോസ്കോപ്പുകൾ നന്നാക്കാൻ എറണാകുളത്തെ ഒരു സ്ഥാപനത്തിലേക്ക് അയച്ചശേഷം, ഉയർന്ന ബില്ല് വന്നതിനാൽ തിരികെ കൊണ്ടുവന്നതാണെന്നും ഹാരിസ് വ്യക്തമാക്കി. നെഫ്രോസ്കോപ്പും മോസിലോസ്ക്കോപ്പും രണ്ട് വ്യത്യസ്ത ഉപകരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ശരിവെച്ചുകൊണ്ട് എറണാകുളത്തെ ക്യാപ്സൂൾ ഗ്ലോബൽ സൊല്യൂഷൻസ് എന്ന സ്ഥാപനവും രംഗത്തെത്തി. കണ്ടെത്തിയത് ബില്ല് അല്ലെന്നും, ഡെലിവറി ചെല്ലാൻ മാത്രമാണെന്നും അവർ അറിയിച്ചു. ജീവനക്കാരന് സംഭവിച്ച പിഴവാണ് മോസിലോസ്ക്കോപ്പ് എന്ന് രേഖപ്പെടുത്താൻ കാരണമെന്നും സ്ഥാപനം വ്യക്തമാക്കി. ഇതോടെ, ഡോ. ഹാരിസിനെതിരെ ഉയർത്തിയ ആരോപണങ്ങൾ പൂർണ്ണമായും പൊളിഞ്ഞു.
വാർത്താസമ്മേളനത്തിനിടെ, സൂപ്രണ്ട് ഫോണിൽ സംസാരിച്ചുകൊണ്ട് "സാറേ, ആ എൻക്വയറി റിപ്പോർട്ട് മുഴുവൻ വായിക്ക്..." എന്ന് ആവശ്യപ്പെട്ടത് പുറത്തുവന്നതോടെ, ഈ നീക്കത്തിന് പിന്നിൽ ഒരു ഉന്നതൻ പ്രവർത്തിച്ചുവെന്ന സംശയവും ബലപ്പെട്ടു. എന്നാൽ, ആ വ്യക്തി ആരാണെന്ന് വെളിപ്പെടുത്താൻ സൂപ്രണ്ട് തയ്യാറായില്ല.











